ഹംപി യാത്രയുടെ അവസാന ദിവസം. മാതംഗമലയിൽ സൂര്യാസ്തമയം കാണണം . അതായിരുന്നു പ്ലാൻ.അതിനായി വിരൂപാക്ഷയിൽ നിന്ന് ഒരു മൂന്നു മണിക്ക് പുറപ്പെട്ടു. സാധാരണഗതിയിൽ പോകുന്ന വഴിയിൽ ഞങ്ങളെ പോലെ ഭ്രാന്തുമൂത്ത മറ്റു യാത്രക്കാരെയും കാണേണ്ടതാണ്.എന്താന്ന് അറിയില്ല അവിടെ ആരെയും തന്നെ കണ്ടില്ല.
കുറച്ചു നടന്നു കഴിഞ്ഞപ്പോൾ "this way" എന്നൊരു പാറയിൽ ആരോ യോട് കൂടി എഴുതി വെച്ചിരിക്കുന്നു. ദിശ വെച്ച് നോക്കുമ്പോൾ അത് ശരിയായി തന്നെ ഞങ്ങൾക്കും തോന്നി. ആ വഴി ഒന്നു വർണ്ണിക്കേണ്ടിയിരിക്കുന്നു.
കുത്തന്നെ കയറ്റം .... ചെറിയ നടപ്പാത....ഇരുവശത്തും കാടും മുൾച്ചെടികളും...വഴിയുടെ വളവോ തിരിവോ അകലെ നിന്നു മനസിലാക്കാൻ കഴിയില്ല, കാരണം ഓരോ പത്തിരുപതു അടിയിലും ഓരോ പാറ ഉണ്ടാകും..ഈ പാറകളാൽ മുന്നോട്ടുള്ള പാത മറഞ്ഞിരിക്കുകയാണ് ..മുകളിലെ കാവിക്കൊടി മാത്രാമായിരുന്നു ഞങ്ങളുടെ
അടയാളം.കുറച്ചു മുന്നോട്ട് നടന്നപ്പോൾ ദാ വരുന്നു ഒരു സായിപ്പും മദാമ്മയും പുറകെ...എന്നാൽ അവരുടെ കൂടെ വെച്ചടിക്കാം എന്ന് വെച്ചപ്പോൾ രണ്ടും കൂടെ ഞങ്ങളെയും ഓവർ ടേക്ക് ചെയ്തു നടന്നകന്നു.
നടക്കുംതോറും വഴി വളരെ ദുർഘടമായി തീർന്നു.ഇത് മുകളിൽ എത്തുമോ എന്നു തന്നെ സംശയമായി..രമ്യയാണേൽ നന്നേ തളർന്നു.. എങ്കിലും അവൾക്കു മുകളിൽ എത്തിയെ മതിയാകൂ..
'എന്താകുമോ എന്തോ..ഇനി എത്ര ദൂരമുണ്ടെന്നോ.. പോകുന്ന വഴി ശരിയാണോ എന്നു കൂടി അറിയില്ല.' ഞാൻ മനസ്സിൽ പറഞ്ഞു. ഒരു കയ്യാല കേറാൻ തയ്യാറെടുക്കുമ്പോൾ മുകളിൽ നിന്നു കാടിളക്കി ദാ വരുന്നു ഒരു മനുഷ്യൻ..ഞാൻ കന്നഡയിൽ 'മുകളിലേക്ക് എത്ര ദൂരമുണ്ടെന്ന്' ചോദിച്ചപ്പോൾ അയാൾ പച്ച മലയാളത്തിൽ 'കുറച്ചു ദൂരമുണ്ടെന്നു' ഒരു മാതിരി ആക്കിയ രീതിയിൽ പറഞ്ഞു. വേറെ ഏതെങ്കിലും വഴിയുണ്ടോ ഇതല്ലാതെ എന്ന ചോദ്യത്തിന് 'വേറെ പല വഴികളും ഉണ്ട്. നിങ്ങൾ വേഗം പോയിട്ട് തിരിച്ചിറങ്ങിക്കോ' എന്നൊരു മുന്നറിയിപ്പും നൽകി വന്ന അതെ ധൃതിയിൽ ഇറങ്ങി പോയി. 'ഇയാളെന്തൊരു മനുഷ്യനാണപ്പോ !!! മലയാളികൾ ആണെന്നെങ്കിലും എന്ന് ഓർക്കേണ്ടേ' രമ്യ പിറുപിറുത്തു. അയാൾ വന്ന വഴിയോ അയാൾ പോയ വഴിയോ കാണാമറയത്തായിരുന്നു........
മാതംഗയിലെ കാറ്റ് എന്തോ ഒരു നിഗൂഢത പേറി വന്ന പോലെ.
ആ വഴി അവസാനിച്ചത് ഒരു പാറയുടെ മുന്നിലാണ്.ഒരാൾക്കു മാത്രം കഷ്ടിച്ച് കയറി പോകാവുന്ന ഒരു ഗുഹാകവാടം .. അതിനപ്പുറം എന്തെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല. മുന്നെ പോയ സായിപ്പിനേം മദാമ്മയേയും വഴിയിലെങ്ങും കണ്ടതും ഇല്ല.അങ്ങനെ രണ്ടും കല്പിച്ചു അത് കടക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഒരു വിധത്തിൽ കുനിഞ്ഞും മടങ്ങിയും കടന്നു കിട്ടിയപ്പോൾ ദാ നിൽക്കുന്നു മുന്നേ പോയ സായിപ്പും മദാമ്മയും...ഇനിയും മുകളിൽ എത്തിയിട്ടില്ലെന്ന സത്യം കൂടി ഞങ്ങൾ മനസിലാക്കി.അവിടുന്നങ്ങോട്ട് വഴിയൊന്നും ഇല്ല. രണ്ടു കുത്തനെയുള്ള പാറകൾ, നടുവിൽ ഒരു വിടവ്.. അത് കടന്നു കിട്ടിയാൽ വീണ്ടും ഒരു കുത്തനെയുള്ള പാറ, അതിൽ ഓരോ കാൽപാദം മാത്രം വയ്ക്കാൻ കഴിയുന്ന വിധത്തിൽ കൊത്തിയിട്ടിരിക്കുന്നു. അതാണേലോ ഒരറ്റത്തും. മുകളിലേക്ക് നോക്കിയാലും താഴേക്കു നോക്കിയാലും തലകറങ്ങുന്ന അവസ്ഥ.ഒന്ന് കാലു തെറ്റിയാൽ പിന്നെ തീർന്നു..ഇതെന്തായാലും ഒറ്റയ്ക്ക് ആവതല്ലാന്നു ഞങ്ങൾക്ക് മനസിലായി.സായിപ്പും മദാമ്മേം പോകുവാണേൽ കൂടെ പോകാന്നു ഓർത്തു നിന്നു..അപ്പോഴതാ അവർ തിരിച്ചു നടക്കുന്നു.ഈശ്വരാ പെട്ടല്ലോ ...ഇനിയെന്തു ചെയ്യും.ഞാൻ ഒരു ട്രയൽ നോക്കാനായി ഒരു പാറയിൽ കയറി. അടുത്തതിലേക്ക് ചാടി.. കുഴപ്പമില്ല.. പക്ഷെ മുകളിലേക്ക് കയറാനുള്ള ധൈര്യം തീരെയില്ല.തിരിച്ചു പോയാലോ .. പക്ഷെ ഇത്രേടം വന്നിട്ട് തിരിച്ചു പോകണോ. അങ്ങനെ എന്തു ചെയ്യണമെന്നറിയാതെ നിൽക്കുമ്പോൾ, ദാ വരുന്നു ഒരു സായിപ്പിൻ കൂട്ടം. അതിൽ ഒരാൾ ആണെങ്കിലോ ഹംപിയിലെ ഗൈഡും.എന്തൊരു വിരോധാഭാസം..ശിവനും ഭൂതഗണങ്ങളും വേഷം മാറി വന്ന കണക്കെ എനിക്ക് തോന്നിയത്.പുള്ളി പുല്ലു പോലെ പാറയൊക്കെ ചാടി ചാടി കടക്കുന്നു. മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുന്നുണ്ട്.സായിപ്പിൻ കൂട്ടത്തിനു പിന്നാലെ ഒരു കുഞ്ഞു മനുഷ്യനും.സായിപ്പല്ല..സോളോ ട്രാവെല്ലെർ ആണെന്ന് തോന്നുന്നു. ഞങ്ങളെ പോലെ വഴിയാധാരമായി വന്നതാണ് ..അങ്ങനെ അവരുടെകൂടെ വെച്ചു പിടിക്കാൻ ഞങ്ങൾ തീരുമാനിച്ചു. .ആ ഉശിരനായ മനുഷ്യൻ ഓരോരുത്തരെയായി കുത്തനെ ഉള്ള പാറ കയറ്റി. കൂടെ ഞങ്ങളെയും..അങ്ങനെ അവസാനം ആ മഹാമനുഷ്യന്റെ കാരുണ്യത്താൽ ചാകാതെ മുകളിലെത്തി.

ഹംപി ഒരു അത്ഭുതം തന്നെയാണ്.വിജയനഗര സാമ്രാജ്യത്തിന്റെ പ്രൗഢി മായാ ത്ത ഒരു അത്ഭുതം..ഹംപിയുടെ ഓരോ അണുവിനും ഓരോ വ്യത്യസ്ത സൗന്ദര്യവും. ആവർത്തന വിരസത തോന്നാത്ത സൗന്ദര്യം..അതെല്ലാം ഒന്നിച്ചു ആസ്വദിക്കണമെങ്കിൽ ഇവിടെ വരണം.മാതംഗയിൽ. കിഴക്കു തുംഗഭദ്ര ഹംപിക്കു വരണമാല്യം ചാർത്തി ഒഴുകുന്നു.വിരൂപാക്ഷയും വിട്ടലയും ഹംപിയിലെ പൈതൃകം ഉണർത്തുന്ന ഓരോ ചെറു ക്ഷേത്രങ്ങളും പുരാതന കച്ചവടകേന്ദ്രങ്ങളും എല്ലാം ഒരുമിച്ചു, ഒരു കുടക്കീഴിൽ...ഹംപിയുടെ സീമന്തരേഖയിൽ സിന്ദൂരം ചാർത്തി സൂര്യൻ പടിഞ്ഞാറ് നിൽക്കുന്നു. ഓരോ സൂര്യാസ്തമയവും ഒരു ചെറു വേദനയാണ്. വെളിച്ചത്തിൽ നിന്ന് ഇരുട്ടിലേക്കുള്ള വേദന.ഓരോ യാത്രയുടെയും അവസാനിക്കലിന്റെ വേദന. എന്നാൽ യാത്രകൾ അവസാനിക്കുന്നില്ല.ഓരോ യാത്രയും അവസാനിക്കുന്നതു പുതിയൊരു യാത്രക്കു വേണ്ടിയുള്ള തുടക്കത്തിലേക്കാണ്.
പുതിയ കാഴ്ചകൾക്കായി....അടുത്ത സൂര്യോദയത്തിനായി...കാത്തിരിക്കാം.
അവിടെ വെച്ച് കണ്ണാടിക്കാരൻ കുഞ്ഞു മനുഷ്യനെ പരിചയപ്പെട്ടു.ഞങ്ങളെ കൂടാതെ അവിടെ സൂര്യാസ്തമയം കാണാൻ വന്ന ഒരേയൊരു ഇന്ത്യൻ പൗരൻ അവനായിരുന്നു. പേര് ഗൗരവ്, പേര് പോലെ ഒരു ഗൗരവവും ഇല്ലാത്ത ഒരു പച്ച മനുഷ്യൻ.ആദ്യത്തെ സോളോ ട്രിപ്പ് ആണ് പോലും. അങ്ങനെ തിരിച്ചും ഞങ്ങൾ സായിപ്പ് ഗൈഡിന്റെ കൂടെ പോകാൻ തീരുമാനിച്ചു.അതും മറ്റൊരു വഴിയിലൂടെ, അത് താരതമ്യേന ഭേദപ്പെട്ട വഴിയായിരുന്നു..അങ്ങനെ ഞങ്ങൾ മൂന്നും കൂടെ അങ്ങേരുടെ പുറകെ വെച്ചടിച്ചു. പാറകൾ പാറി പാറി നടക്കുന്ന ആ മനുഷ്യന്റെയൊപ്പമെത്താൻ മാത്രം ഞങ്ങളായിട്ടില്ല എന്ന തിരിച്ചറിവിലേക്കാണ് ചെന്നെത്തിയത് . ഈ കൽപ്പടികൾക്കു വിജയനഗര സാമ്രാജ്യത്തിന്റെ അത്ര പഴക്കം ഉണ്ട്.എന്ന് വെച്ചാൽ നോക്കി നടന്നില്ലെങ്കിൽ ഒറ്റയടിക്ക് താഴെ എത്തുമെന്ന് .അങ്ങനെ നടത്തം ശ്രദ്ധിച്ചത് കൊണ്ട് സായിപ്പിനെ നോക്കാൻ പറ്റിയില്ല. അയാളും സംഘവും അപ്രത്യക്ഷരായിരിക്കുന്നു.ഇരുട്ട് വീണു തുടങ്ങി.മൊബൈലിൽ നെറ്റ്‌വർക്കും ഇല്ല.
അങ്ങനെ ഞങ്ങൾ ആ കൽപ്പടവുകൾ തീരും വരെ നടന്നു.അവിടുന്ന് വഴി രണ്ടായി തിരിയുന്നു.ഒരു പാറയിൽ ഇടത്തോട്ടു പോകാൻ അടയാളം കാണിച്ചിരിക്കുന്നു.എന്നാൽ ആ വഴി കാടു പിടിച്ചു കിടക്കുന്നു.ഇരുട്ടിന്റെ നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് എവിടെ നിന്നോ പുഴ ഒഴുകുന്ന ശബ്‌ദം സായിപ്പുംകൂട്ടം ഏതു വഴിയായിരിക്കും പോയിട്ടുണ്ടാകുക..എന്തായാലും ഒരിക്കൽ ആരോ മാർക് ചതിച്ചതു കൊണ്ട് ഞങ്ങൾ വലത്തോട്ട് തിരിഞ്ഞു. ദിശയനുസരിച്ചു ഈ ഇറങ്ങിയതും പോകുന്നതും ഒന്നും തിരിച്ചിടത്തേക്കല്ല എന്നെനിക്കു തോന്നി. പോകുന്ന വഴിയെല്ലാം ആരോ മാർക്ക് എതിർ ദിശയിലേക്ക് കാണിക്കുന്നു.അപ്പോൾ തെല്ലൊന്നു പേടി തോന്നി. പെട്ടെന്ന് മുന്നിൽ ഒരു മനുഷ്യൻ...ഒരു പാറയുടെ വിടവിൽ നിന്ന് പ്രത്യക്ഷപ്പെട്ടു. കണ്ടിട്ട് എന്തൊക്കെയോ വശപിശക് തോന്നി.വേറെ ഒരു വഴിയുമില്ല. അയാളോട് പുറത്തു കടക്കാനുള്ള വഴി ചോദിച്ചു. അയാൾ തന്റെ കൂടെ വന്നോളൂ വഴി കാട്ടി തരാം എന്ന് പറഞ്ഞു.അപ്പോൾ വീണ്ടും ഭീതി കൂടി വന്നു. ഇയാളെ എങ്ങനെ വിശ്വസിക്കും. ഇയാൾ ഈ വഴി പറഞ്ഞ സ്ഥിതിക്ക് എതിർ ദിശയിലുള്ള വഴിയിലൂടെ പോയാലോ. പക്ഷെ അവിടെ പുഴയുടെ ശബ്‌ദം കേട്ടതല്ലേ. അപ്പോൾ എങ്ങനെ പുഴ കടക്കും. ഇനി ഇയാൾ പറയുന്നത് സത്യമാണെങ്കിൽ പുറത്തു കടക്കാൻ കൂട്ടുമായി.ആകെ കൂടി തല പെരുത്ത് വന്നു.. ഒന്നുകിൽ ഇയാൾ എന്തേലും കുരുക്കിൽ പെടുത്തും അല്ലെങ്കിൽ ഇതിനുള്ളിൽ പെട്ട് പോകും. ഒരു തരി പോലും അയാളെ വിശ്വസിക്കാതെ ഞങ്ങൾ കുറച്ചു നടന്നു. ഞങ്ങളുടെ പരിഭ്രമവും ചോദ്യങ്ങളും കണ്ടു, 'നിങ്ങൾ പേടിക്കേണ്ട ഞാൻ ഇവിടുത്തെ ഈശ്വര ഭക്തനാണ് .. ഞാൻ ആരെയും പറ്റിക്കില്ല' എന്നൊക്കെ പറയുന്നുണ്ട്. അതും കൂടി കേട്ടപ്പോൾ ഞങ്ങൾക്ക് ഉറപ്പായി ഇയാൾ പെടുത്താനാണെന്ന്. പക്ഷെ മറ്റൊരു മാർഗവുമില്ല. ഈ ഇരുട്ടിൽ മുകളിലേക്ക് തിരിച്ചു കയറാനോ മുൻപ് കണ്ട വഴി പോകാനോ ഉള്ള ധൈര്യവുമില്ല.അങ്ങനെ കുറച്ചു നടന്നപ്പോൾ ഒരു കുന്നു കയറാൻ അയാൾ പറഞ്ഞു. ഇതെന്തു കുന്തം എന്നായി ഞാൻ.. നമ്മൾ കുന്നിറങ്ങുവല്ലേ ഇനിയും ഇത് കയറിയാൽ എനിക്കൊന്നും മനസിലായില്ല. ഒരടി മുന്നോട്ട് വയ്ക്കാനുള്ള ധൈര്യം കൂടി ചോർന്നു പോയിരുന്നു .ഞാനും രമ്യയും അവിടെയങ്ങ് നിന്നു. ഗൗരവ് പറഞ്ഞു ,'നിങ്ങൾ ഇവിടെ നില്ക്കു ഞാൻ പോയി നോക്കിയിട്ട് വരാം എന്താ ആ കുന്നിനു അപ്പുറത്തെന്ന്' .'എന്നാൽ നീ മൊബൈൽ നമ്പർ തന്നിട്ട് പോകാൻ ഞാൻ ആവശ്യപ്പെട്ടു. നമ്പർ തരാം പക്ഷെ റേഞ്ച് ഇല്ലല്ലോ .. അപ്പോൾ രമ്യക്ക് സംശയമായി അവൻ മറ്റവന്റെ ബിനാമി ആണോയെന്നു ... രണ്ടും കൽപ്പിച്ചു അവനെ ഞങ്ങൾ വിട്ടു.കുറച്ചു സമയത്തിന് ശേഷം ആശങ്കകൾക്കു വിരാമം ഇട്ടു കൊണ്ട് അവന്റെ തല കണ്ടു തുടങ്ങി.അവിടെയൊരു വഴിയുണ്ട്. പോയി നോക്കാം എന്നായി.. അങ്ങനെ ഞങ്ങൾ ആ കുന്നു കയറി മുന്നിലെന്താണെന്ന് ഒരു നിശ്ചയവുമില്ലാതെ.. അവിടുന്ന് ഒരു ഇറക്കമായിരുന്നു. ഭേദപ്പെട്ട ഒരു വഴിയിലേക്ക് തിരിഞ്ഞു. ഇപ്പോൾ ദിശയനുസരിച്ചു പോകുന്നത് ശരിയാണെന്നു എനിക്ക് തോന്നി തുടങ്ങി. ആ ദൈവഭക്തനെ കാണാതായി. അയാൾ മുന്നോട്ടു പോയി എന്ന് അവൻ പറഞ്ഞു. കുറെ നടന്നു കഴിഞ്ഞപ്പോൾ എനിക്ക് വഴി പിടികിട്ടി ..ഇത് അത് തന്നെ.മുകളിലേക്ക് കയറിയപ്പോൾ ഒഴിവാക്കിയ വഴി.അങ്ങനെ ഞങ്ങൾ മുകളിലേക്കുള്ള തിരിവ് എടുത്ത സ്ഥലത്തെത്തി. അപ്പോൾ അനുഭവിച്ച ആശ്വാസം അത് പറയാൻ വാക്കുകളില്ല.അങ്ങനെ തിരിച്ചു വിരൂപാക്ഷയിൽ എത്തിയപ്പോൾ ഗൗരവ് യാത്ര പറഞ്ഞു പോയി. പിന്നെ അവനെയും കണ്ടില്ല.കുറച്ച് മുന്നോട്ട് നടന്നപ്പോൾ നമ്മുടെ ഭക്തൻ വളരെ എളിമയോടെ ഇരിക്കുന്നു.ഇപ്പോൾ അയാളിൽ ഞാൻ ഒരു ദൈവചൈതന്യം കാണുന്നു.
ദൈവം പല വിധത്തിൽ അവതരിക്കും...ആദ്യം മുന്നറിയിപ്പുമായി വന്നവൻ. മുന്നോട്ടുള്ള പാതയിലെ തടസങ്ങളിൽ കൈപിടിച്ച് കയറ്റാൻ വന്നവൻ. ഒറ്റക്കായപ്പോൾ കൂട്ടായി വന്നവൻ.. വഴിമുട്ടി നിന്നപ്പോൾ വഴികാട്ടിയാവാൻ വന്നവൻ ...ഇതൊന്നും ഒരു ഭ്രമമല്ല. ജീവിതം തന്ന അനുഭവങ്ങളാണ്. ഇവരൊക്കെ ആരായിരിക്കും..
എവിടെ നിന്നോ വന്നു ....എവിടേക്കോ പോയവർ....ഇനിയൊരിക്കലും കാണാൻ കഴിയാത്തവർ..

Good one
ReplyDelete